കഥാകൃത്തും നോവലിസ്റ്റും മറ്റുമായ ശ്രീ .കെ .പി .രാമനുണ്ണി ഈ വര്ഷം പുറത്തിറങ്ങിയ ഒരു ഓണം വിശേഷാൽപ്രതിയിൽ “ജീവിതംർക്കുന്ന വൈദ്യന്മാർ “ എന്ന പേരിൽ ഒരു ഓർമ്മ എഴുതിയത് വായിച്ചു .
1960-90 കാലമാണ് രാമനുണ്ണിയുടെ “ഓർമ്മ”യുടെ കാലം . മലബാറിലെ ഇതിഹാസ തുല്യരായ മെഡിക്കൽ കോളേജ് അധ്യാപകരെ അദ്ദേഹം പരിചയപ്പെടുത്തുന്നു .ആയുർവേദം പഠിച്ച ശേഷം ആധുനിക വൈദ്യം പഠിച്ച ,അതിനുശേഷം വിദേശ ബിരുദം നേടിയ , കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർ ആയിരുന്ന ഡോ . സി.കെ .രാമചന്ദ്രൻ ,ഡോ എം ജി സഹദേവൻ ,ഡോ .വി ജെ നായർ ,ഡോ പി.കെ സുരേന്ദ്രൻ ,ഡോ സി ബി സി വാര്യർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ലിസ്റ്റിൽ വരുന്നു .
അവരുടെ കാരുണ്യവും മെഡിക്കൽ എത്തിക്‌സും അവരെ കുറിച്ചുള്ള ഹൃദയ ഹാരിയായ വിവരണവും രാമനുണ്ണി വിശദീകരിക്കുന്നു . മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആയിരുന്ന, വൈദ്യ പഠനകാലത്ത് എന്റെ രണ്ടു കൊല്ലം സീനിയർ ആയിരുന്ന , പ്രൊഫസ്സർ കെ.രാജശേഖരൻ നായർ (ന്യൂറോളജിസ്റ്റ് .) Evolution of Modern Medicine in Kerala ,(ടൂറിങ് ബുക്സ്റ്റാൾ 2001),അപൂർവ്വ വൈദ്യന്മാർ (മനോരമ 2015) എന്നീ ഗ്രന്ഥങ്ങൾ വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധ്യാപകർ പകർ ആയിരുന്ന ചില അപൂർവ്വ വൈദ്യൻ മാരെ പരിചയപ്പെടുത്തി .
ഇവ വായിക്കുന്ന സാധാരണക്കാർക്ക് കോഴിക്കോടിനും അനന്തപുരിക്കും വെളിയിൽ പ്രാക്ടീസ് ചെയ്യുന്ന, ചെയ്തിരുന്ന ആധുനികവൈദ്യം കൈകാര്യം ചെയ്തിരുന്ന ഡോക്ടർമാർ വെറും മണ്ട ശിരോമണികൾ ആയിരുന്നു എന്ന സംശയം തോന്നിയേക്കാം .അത് മാറ്റിയെടുക്കാൻ മാത്രമാണ് ഈ ലേഖനം . മെഡിക്കൽ കോളേജുകളിലെ സൗകര്യമൊന്നും ലഭിക്കാത്ത, സഹായികൾ ആരും ഇല്ലാത്ത ചെറുകിട ചികിത്സാ കേന്ദ്രങ്ങളിൽ ജോലി നോക്കിയിരുന്ന, പോസ്റ്റ് ഗ്രാജവേറ്റ് ബിരുദം ഒന്നും നേടാത്ത എത്രയോ ഡോക്ടർമാർ രോഗനിര്ണയത്തിലും ശരിയായ ചികിത്സ നൽകുന്നതിലും അതി വിദഗ്ദർ ആയിരുന്നു എന്ന് നീണ്ട അറുപതു വർഷക്കാലത്തെ ചികിത്സാ രംഗത്തെ അനുഭവം വച്ച് എനിക്ക് പറയാൻ ആവും .അതിനു ആയുർവേദ പഠനമോ വിദേശ ഡിഗ്രികളോ പോലും ആവശ്യമില്ല . രാമനുണ്ണി ലിസ്റ്റ് ചെയ് ഡോക്ടർമാരെ കുറിച്ച് റൈറ്റേഴ്‌സിൽ നിന്നും എഴുത്തു ശേഷിയുള്ള ഓൾഡ് പേഷ്യന്റ്‌സിൽ നിന്നും (ആൻ ഓൾഡ് പേഷ്യന്റ് ഈസ് ബെറ്റർ ധാൻ ഏ ന്യൂ ഡോക്ടർ എന്ന് പഴ മൊഴി എന്നിങ്ങനെ ഇവിടെ രാമനുണ്ണിയ്ക്ക് ആംഗലേയ ഭാഷ മാത്രമേ വരുന്നുള്ളു .)ശേഖരിച്ചു (മെഡിക്കൽ)സിലബസിൽ ചേർക്കണം എന്ന് ശ്രീ രാമനുണ്ണി . ഡോക്ടർമാരുടെ രോഗനിർണയ സാമർഥ്യം നിർണ്ണയിക്കാൻ മിക്കപ്പോഴും രോഗികൾക്ക് കഴിയണമെന്നില്ല .മറ്റൊരു ഡോക്ടർക്കു കഴിഞ്ഞേക്കാം .എന്നാൽ മത്സര ബുദ്ധി കാരണം മറ്റു ഡോക്ടർമാർ അത് തുറന്നു പറയണം എന്നില്ല .
ഡോക്ടർമാർ സ്വയം തെളിവുകളോടെ ഏഴുതുക ആവും നല്ലതു എന്നെനിക്കു തോന്നുന്നു . കാരണം കഴിഞ്ഞ 60 വർഷക്കാലം നീണ്ട നിന്ന് എന്റെ ആതുര സേവന കാലത്ത് അത്തരം എത്രയോ കേസുകൾ ഉണ്ടായി .അവ രോഗികളോ ബന്ധുക്കളോ അറിയണം എന്നില്ല .അഥവാ അറിഞ്ഞാൽ തന്നെ എഴുതണമെന്നില്ല .ചില ഉദാഹരണങ്ങൾ .
കോട്ടയം ജില്ലയിലെ എരുമേലി ഹെൽത്ത് സെന്ററിൽ വെറും എം ബി ബി എസ് കാരനായി ജോലി നോക്കുന്ന 1972-75 കാലഘട്ടം .എറണാ കുളം ജില്ലാ ഹോസ്പിറ്റൽ ,കോട്ടയം മെഡിക്കൽ കോളേജ് കം ജില്ലാ ഹോസ്പിറ്റൽ എന്നിവടിങ്ങളിൽ ചികിത്സ നൽകി ഇനി രക്ഷ ഇല്ല മരിച്ചു പോകും എന്ന് പറഞ്ഞു നാട്ടിലേക്ക് (മുണ്ടക്കയം ) പറഞ്ഞു വിടപ്പെട്ട രോഗി .സാഹിത്യ പരിഷത് സെക്രട്ടറി ആയിരുന്ന പൊൻകുന്നം സെയ്ത് മുഹമ്മദ് (ഇപ്പോഴത്തെ പൊൻകുന്നം സെയ്ദ് അല്ല ) അവർകളുടെ ഒരടുത്ത ബന്ധു .ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി കരളിൽ അമീബിക് ആബ്സസ് എന്ന് കണ്ടീഷൻ ആണ് എന്ന് .അമീബിക് ഫേഷീസ് എന്ന മുഖ ഭാവം ,ഇരുകാലുകളും നീർക്കെട്ട് പിന്നെ വലതു വശം വാരിയെല്ലുകൾക്കിടയിൽ വിരൽ അമർത്തിയപ്പോൾ ഉണ്ടായ അസഹ്യമായ വേദന .വാർഡിൽ മറ്റു രോഗികൾ കാണെ ഒരു വലിയ സൂചിയെടുത്ത് വാരിയെല്ലുകൾക്കിടയിൽ കടത്തി .സൂചിവഴി ഒരു തൊട്ടി നിറയെ പ്രത്യേക നിറത്തിലുള്ള പഴുപ്പ് (ആങ്കോവി സോസ് എന്ന് വൈദ്യ ഭാഷ ).പിന്നെ അത്തരം അഞ്ചോ ആറോ കേസുകൾ കൂടി എരുമേലിയിൽ വച്ച് തന്നെ കിട്ടി .ചികിൽസിച്ചു .പരിപൂർണ്ണ സഖ്യമാക്കി വിട്ടു .ഇക്കഥ ഞാൻ ഒഴികെ ആരും ഇതുവരെ എഴുതിയിട്ടില്ല .
അക്കാലത്താണ് ഉദരത്തിൽ വലത് വശം താഴെ വേദനയോട് കൂടിയ തടിപ്പ് കണ്ട മുഖ്യ മന്ത്രി സഖാവ് ഈ എം എസ്സിനും അമീബിക് കുടൽ രോഗം വന്നത് ,ചികിൽസിക്കാൻ അങ്ങ് കിഴക്കൻ ജർമ്മിനിയിൽ കൊണ്ട് പോയി .
ഉദരത്തിൽ വലതു ഭാഗം താഴെ വേദനയും തടിപ്പും കണ്ടാൽ ഞങ്ങൾ എം .ബി .ബി .എസ്സുകാർക്ക് അക്കാലം മൂന്നു രോഗങ്ങൾ മാത്രം മനസ്സിൽ വരും .ആദ്യം അമീബിക് കോളൺ.എമറ്റിൻ എന്ന കുത്തി വയപ്പ് ആറെണ്ണം കൊടുക്കും .ക്ളോറോക്വീൻ എന്ന് ഗുളികയും .കുറഞ്ഞില്ല എങ്കിൽ ക്ഷയം എന്ന് കരുതി അതിനുള്ള കുത്തിവയ്പ്പും ഗുളികകളും നൽകും .രണ്ടാഴ്ച കൊണ്ട് കുറവ് കാണാത്ത പക്ഷം കാൻസർ എന്ന് കരുതി മെഡിക്കൽ കോളേജിലേക്ക് വിടും .ഇതായിരുന്നു അക്കാലത്തെ ചികിത്സ .ഞാൻ കണ്ട എരുമേലിയിലെ മുഴുവൻ കേസുകളും അമീബിക് രോഗം ആയിരുന്നു .
എല്ലാകേസിലും പൂർണ്ണ രോഗ വിമുക്തി നേടിക്കൊടുക്കാൻ കഴിഞ്ഞു .ഒരാളെയും റഫർ ചെയ്യേണ്ടി വന്നില്ല . പക്ഷെ ഒറ്റ രോഗി പോലും അക്കഥ ഒരിടത്തും എഴുതിയില്ല .


